Latest Updates

ദുര്‍ബലമായ പ്രതിരോധശേഷി രോഗങ്ങള്‍ക്കുള്ള ക്ഷണക്കത്താണ്. പ്രതിരോധസംവിധാനം ശക്തമല്ലെങ്കില്‍ പല തരത്തിലുളള വൈറസുകളും ബാക്ടീരിയകളും ശരീരത്തെ ആക്രമിച്ചു കൊണ്ടേയിരിക്കും. നമ്മുടെ പ്രതിരോധശേഷിയുടെ കരുത്തിനെ കുറിച്ച് ഓരോരുത്തരും ധാരണയുണ്ടാക്കേണ്ടത് അത്യാവശ്യമാണ്. കോവിഡ് പോലുള്ള മഹാമാരികള്‍ വരുമ്പോൾ  അവയെ നേരിടാന്‍ നാം എത്ര മാത്രം തയാറാണെന്ന് കണ്ടെത്താനും ആവശ്യത്തിന് മുന്‍കരുതലുകള്‍ എടുക്കാനും ഇതു വഴി സാധിക്കും.  ദുര്‍ബലമായ പ്രതിരോധശേഷിയാണോ ഒരാള്‍ക്കുള്ളതെന്ന് കണ്ടെത്താന്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ സഹായിക്കും.

1. നിരന്തരമായ ദേഷ്യം

മൂക്കത്ത് ശുണ്ഠി എന്നൊക്കെ ചിലരെക്കുറിച്ച് പറയാറില്ലേ. അകാരണമായ ദേഷ്യങ്ങള്‍ ശരീരം നമുക്ക് നല്‍കുന്ന സൂചനയാണ്. ആരോഗ്യകരമായ ശരീരത്തില്‍ മാത്രമേ ശാന്തമായ മനസ്സും ഉണ്ടാവുകയുള്ളൂ. ശരീരത്തിനുണ്ടാകുന്ന തകരാറുകള്‍ മനസ്സിനെയും താറുമാറാക്കും. നിരന്തരമായ ദേഷ്യവും മാനസികമായ ബുദ്ധിമുട്ടുകളും നേരിടുന്ന പക്ഷം ശരീരത്തില്‍ സാധാരണ കാണപ്പെടുന്ന അണുബാധകളെ നിരീക്ഷിക്കേണ്ടതാണ്. സ്ഥിരം അണുബാധയുണ്ടാകുന്നുണ്ടെന്ന് കണ്ടെത്തിയാല്‍ ഡോക്ടറെ സമീപിക്കാന്‍ പിന്നെ വൈകരുത്. 

2. എപ്പോഴും ക്ഷീണം

ഉള്ളില്‍ മറഞ്ഞിരിക്കുന്ന അണുക്കളുമായി ശരീരം നിരന്തരം നടത്തുന്ന പോരാട്ടം ഊര്‍ജ്ജത്തെ വലിച്ചെടുക്കും. നന്നായി ഉറങ്ങിയിട്ടും നല്ല ആഹാരം കഴിച്ചിട്ടുമെല്ലാം മാറാതെ നില്‍ക്കുന്ന ക്ഷീണം പ്രതിരോധ സംവിധാനത്തിന്‍റെ വിള്ളലുകളെ കുറിച്ച് ശരീരം നല്‍കുന്ന സൂചനയായി കണക്കാക്കാം. 

3. കരിയാന്‍ വൈകുന്ന മുറിവുകള്‍

ചെറിയൊരു മുറിവോ പൊള്ളലോ ഒക്കെ കരിയാന്‍ കുറേ നാളുകള്‍ എടുക്കുന്നതായി തോന്നാറുണ്ടോ? പ്രശ്നം നിങ്ങളുടെ പ്രതിരോധ ശേഷിയുടേതാകാം. ശക്തമായ പ്രതിരോധ ശേഷിയുള്ളവരില്‍ മുറിവുകള്‍ പെട്ടെന്നുണങ്ങും. 

4. വിടാതെ പിടികൂടുന്ന ജലദോഷം

വര്‍ഷത്തില്‍ മൂന്നോ നാലോ തവണയൊക്കെ ജലദോഷ പനി പിടിപെടുന്നത് സാധാരണമാണ്. എന്നാല്‍ നിരന്തരം വരുന്ന ജലദോഷം കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന സൂചന നല്‍കുന്നു. ദുര്‍ബലമായ പ്രതിരോധശേഷിയുള്ളവര്‍ക്ക് എളുപ്പം ജലദോഷപ്പനി  പിടിപെടുന്നു. വലിയ അധ്വാനം ആവശ്യമായ എന്തെങ്കിലും പ്രവൃത്തി ചെയ്ത് കഴിയുമ്പോഴോ  മാനസികമായി വിഷമിപ്പിക്കുന്ന എന്തെങ്കിലും സാഹചര്യത്തിലൂടെ കടന്നു പോകേണ്ടി വരുമ്പോഴോ  ഒക്കെ ഇക്കൂട്ടര്‍ രോഗബാധിതരാകുന്നു. 

ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ഡോക്ടറെ കണ്ട് പ്രതിരോധസംവിധാനത്തിന്‍റെ കരുത്ത് വിലയിരുത്തേണ്ടതാണ്. ഭക്ഷണം ഉള്‍പ്പെടെയുള്ള ജീവിതശൈലീ മാറ്റങ്ങളും സഹായകമാകും. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്ന പഴങ്ങളും സപ്ലിമെന്‍റുകളുമൊക്കെ ഈ ഘട്ടത്തില്‍ ഗുണം ചെയ്യുന്നതാണ്. വൈറ്റമിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളമുള്ള ഭക്ഷണം കഴിക്കുന്നതും പ്രതിരോധസംവിധാനത്തെ ബലപ്പെടുത്താന്‍ സഹായിക്കും.

Get Newsletter

Advertisement

PREVIOUS Choice